അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെലഡി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗായകന്‍. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാം തന്നെയാണ്. മാജിക്കല്‍ മെലഡി എന്നു പറഞ്ഞുകൊണ്ടാണ് ‘ശ്രീവല്ലി’ എന്നു തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തും. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

 

Top