അല്ലു അര്‍ജുന് ചിത്രം ‘പുഷ്പ’യ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനാവുന്ന ‘പുഷ്പ’. നേരത്തെ ചിത്രത്തിന്റെ ടീസര്‍ തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമ രണ്ട് ഭാഗങ്ങളായാകും റിലീസിന് എത്തുക എന്നാണ് ഇപ്പോള്‍ തെലുങ്ക് സിനിമാമേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച് സംവിധായകന്‍ സുകുമാറും അല്ലുവും ചര്‍ച്ചകള്‍ നടത്തിയെന്നും അറിയുന്നു. സിനിമയുടെ പകുതി ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ് പ്രതിസന്ധി നീങ്ങി ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുന്ന മുറക്ക് ബാക്കി ചിത്രീകരിക്കും.

ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തേ ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലാണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. കന്നഡ നടന്‍ ഡോളി ധനഞ്ജയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്.

രശ്മിക മന്ദാനയാണ് നായിക. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പുഷ്പ. ദേവി ശ്രീ പ്രസാദ് സംഗീതവും മിറോസ്ലോവ് ക്യൂബ ബ്രോസെക് ക്യാമറയും കൈകാര്യം ചെയ്യുന്നു.

എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷ്മണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. നവീന്‍ യെരേനി, വൈ. രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.

 

Top