അല്ലു അര്‍ജുന്റെ മകള്‍ അഭിനയ രംഗത്തേക്ക്

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകള്‍ക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാദ പിന്തുര്‍ന്ന് മകള്‍ അര്‍ഹ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുകയാണ്.

ശാകുന്തളം എന്ന ചിത്രത്തിലാണ് അല്ലു അര്‍ഹ അഭിനയിക്കുക. മകള്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂര്‍വ്വം അറിയിക്കുന്നു. അല്ലു അര്‍ഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകള്‍ക്ക് ഈ അവസരം നല്‍കിയ ഗുണശേഖറിന് നന്ദി’, എന്നാണ് അല്ലു കുറിച്ചത്.

രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അല്ലു അര്‍ഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

Top