അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ് നടപടി ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് തെളിഞ്ഞതല്ലേയെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അവര്‍ സിപിഎം പ്രവര്‍ത്തകരല്ല. മാവോയിസ്റ്റുകള്‍ തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് നടപടി ശരിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബർ രണ്ടിനാണ് പോലീസ് കോഴിക്കോട്ട് നിന്ന് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ അലനും താഹയ്ക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്.

നിലവിൽ ഡിസംബർ 21 വരെ റിമാൻഡിലാണ് അലനും താഹയും. കോഴിക്കോട് ജില്ലാ ജയിലിലാണ് ഇരുവരും.

Top