ആഷസില്‍ ഒത്തുകളിയെന്ന് ആരോപണം ; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മാധ്യമം

പെര്‍ത്ത്: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മൂന്നാം ആഷസ് ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്ന ആരോപണവുമായി ബ്രിട്ടീഷ് മാധ്യമം.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള ഒരു വാതുവെയ്പ്പുകാരനെ തങ്ങള്‍ക്കറിയാമെന്നും ഇയാള്‍ ദി സൈലന്റ് മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ബ്രിട്ടീഷ് മാധ്യമം ‘ദി സണ്‍’ വെളിപ്പെടുത്തി.

കോഴ നല്‍കിയാല്‍ കളിയുടെ വിവരങ്ങള്‍ മുന്‍കൂട്ടി കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ‘ദി സണ്‍’ പുറത്തുവിട്ടിരിക്കുന്നത്.

ഏകദേശം ഒരു കോടി 21 ലക്ഷം രൂപ നല്‍കിയാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് തങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞതായും ദി സണ്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നുണ്ട്.

അതേസമയം ഐ.സി.സി. ആന്റി കറപ്ഷന്‍ ചീഫ് അലക്‌സ് മാര്‍ഷെല്‍ ഇതിനെതിരെ പ്രതികരിച്ചു.

പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവില്ലെന്നും ആരോപണം ഐ.സി.സി ഗൗരവത്തിലെടുത്തുവെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. നേരത്തെ ആദ്യ രണ്ടു ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

പെര്‍ത്തില്‍ നടക്കുന്ന മത്സരത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും ഒരു ഓവറില്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന് പറയാന്‍ കഴിയുമെന്നും വാതുവെയ്പ്പുകാരന്‍ പറയുന്നു.

രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഒരാള്‍ മിസ്റ്റര്‍ ബിഗ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ വംശജനാണ്.

Top