സിറിയയിലെ വിമത ശക്തികേന്ദ്രത്തില്‍ റഷ്യന്‍ വ്യോമാക്രമണം ; 44 പേര്‍ കൊല്ലപ്പെട്ടു

ഡമസ്‌കസ്: സിറിയയിലെ വിമത ശക്തികേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 11 സ്ത്രീകളും ആറ് കുട്ടികളുമടക്കം 44 പേര്‍ കൊല്ലപ്പെട്ടു. 80ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലെ സര്‍ദാന നഗരത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാലും കൂടുതല്‍ പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാലും മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു.

വിമതമേഖലയില്‍ ഈ വര്‍ഷം ഇത്രയും പേര്‍ മരിച്ച ആക്രമണം ആദ്യമായാണ്. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷണ ഗ്രൂപ് ഡയറകട്ര്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു.

നഗരത്തിലെ പ്രധാന പള്ളിക്ക് സമീപം തിരക്കേറിയ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. നോമ്പ് തുറക്കുന്ന സമയമായതിനാല്‍ പള്ളിയിലും പരിസരത്തും നിറയെ ആളുകളുണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആദ്യം ആക്രമണം നടത്തി തിരിച്ചുപോയ യുദ്ധവിമാനങ്ങള്‍ വീണ്ടും തിരിച്ചെത്തി ആക്രമണം നടത്തുന്ന ‘ഡബിള്‍ ടാപ്’ രീതിയാണ് സര്‍ദാനയില്‍ ഉപയോഗിച്ചതെന്ന് റാമി അബ്ദുറഹ്മാന്‍ വ്യക്തമാക്കി.

Top