പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രം ഫോട്ടോഷൂട്ടെന്ന് ആരോപണം

ന്യൂഡല്‍ഹി: യുഎസ് യാത്രക്കിടെ വിമാനത്തിലിരുന്ന് ജോലി ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയം. എയര്‍ ഇന്ത്യന്‍ വണ്‍ വിമാനത്തിലിരുന്ന് ഫയല്‍ നോക്കുന്ന ചിത്രം മോദി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരിക്കുന്നതും. ദീര്‍ഘദൂര വിമാനയാത്രകളെന്നാല്‍ ചില പേപ്പറുകള്‍ പരിശോധിക്കാനും ഫയല്‍ വര്‍ക്കുകള്‍ തീര്‍ക്കാനുമുള്ള അവസരം കൂടിയാണെന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രം പങ്കുവച്ചത്.

കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു. എന്നാല്‍, ഈ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ ചിത്രം ഫോട്ടോഷൂട്ടാണെന്ന ആക്ഷേപമാണ് പ്രധാനമായും വന്നത്. സീറ്റില്‍ തയാറാക്കിയ പ്രത്യേക ലൈറ്റിങ്ങും ഫയല്‍ കൊണ്ടുവന്ന ബാഗ് ലോക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം ഉന്നയിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ പങ്കിട്ടാണ് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകള്‍ വിമര്‍ശനം ഉയര്‍ത്തിയത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജീവ് ഗാന്ധി, പി.വി.നരസിംഹ റാവു, മന്‍മോഹന്‍ സിങ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് അവര്‍ പങ്കുവച്ചത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിദേശയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ വാര്‍ത്താ സമ്മേളനം വരെ വിളിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ഓര്‍മ്മപ്പെടുത്തി. അതേസമയം വിദേശ യാത്രകളില്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ പ്രധാനമന്ത്രിക്കൊപ്പം കൂട്ടിയ പാര്‍ട്ടി കോണ്‍ഗ്രസാണോയെന്ന ചോദ്യവും ട്വീറ്റിന് താഴെ വിമര്‍ശനം ഉയര്‍ന്നു വന്നു. മോദിയെ പുകഴ്ത്തിയും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Top