മോന്‍സണ്‍ കേസില്‍ ഇടപെട്ടെന്ന ആരോപണം; ചേര്‍ത്തല സിഐക്ക് സ്ഥലംമാറ്റം

കൊച്ചി: മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്. അതിനിടെ,മോണ്‍സന്‍ കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പി.യായാണ് ലാല്‍ജിയുടെ പുതിയ നിയമനം.

അതേസമയം, മോണ്‍സന്റെ മുന്‍ഡ്രൈവറായിരുന്ന അജിത്തിനെ പി.ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അജിത്തിനെതിരെ മോണ്‍സന്‍ ചേര്‍ത്തല പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട് സി.ഐ. ശ്രീകുമാര്‍ അജിത്തിനെ ഭീഷണിപ്പെടുത്തിയത്.

മോണ്‍സന്‍ മാവുങ്കലിന്റെ കടലാസ് കമ്പനിയായ കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയില്‍ മോണ്‍സന്റെ പങ്കാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

മോണ്‍സന്‍ തന്റെ ലാപ്‌ടോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതില്‍ പല ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ ലാപ്‌ടോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

 

Top