ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ വൈകുന്നെന്ന് ആരോപണം

മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി പോലുള്ള ചൈനീസ് കമ്പനികള്‍ക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് രാജ്യത്ത് അനുമതികള്‍ വൈകുന്നുവെന്ന് ആരോപണം. രാജ്യത്തെ ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് പോലുള്ള ഏജന്‍സികളുടെ അനുമതിയാണ് വൈകുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ശേഷം ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുടെ ഫലമാണ് പുതിയ സംഭവം എന്നാണ് സൂചന. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡിന്റെ വിവിധ അനുമതികള്‍ വൈകുന്നത് മൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി, ഓപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍, ടെലിവിഷന്‍ എന്നിവ ആഴ്ചകളോളം വൈകിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വിഷയത്തില്‍ ബിഐഎസ് ഡയറക്ടര്‍ പ്രമോദ് കുമാര്‍ തിവാരിയോ, ചൈനീസ് വാണിജ്യ വിദേശകാര്യ മന്ത്രാലയങ്ങളോ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ നിയന്ത്രണം ബാധിച്ചേന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന ഷവോമിയും, ഓപ്പോയും പ്രതികരണം നടത്തിയിട്ടില്ല.

അതേ സമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. കളിപ്പാട്ടങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ഇറക്കുമതിക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വ്യാപാര രംഗത്ത് സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇറക്കുമതിക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുവ കൂട്ടാനുമാണ് നീക്കം. ഗൃഹോപകരണങ്ങള്‍ക്ക് പുറമെ, ഏയര്‍ കണ്ടീഷണര്‍, തുകല്‍, ചെരിപ്പുകള്‍, വളം, പാക്കറ്റ് ഭക്ഷണം, സ്റ്റീല്‍, അലുമിനീയം, ചെമ്പ്, തുണിത്തരങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍, ടിവി, സിസിടിവി തുടങ്ങിയവ കൂടുതലും എത്തുന്നത് ചൈനയില്‍ നിന്നാണ്. വിയറ്റ്‌നാമില്‍ നിന്ന് 3000 കോടി രൂപയുടെ ഇറക്കുമതി നടക്കുന്നുണ്ടെങ്കിലും അതും ചൈനയില്‍ നിന്ന് വിയറ്റ്‌നാം വഴി എത്തുന്നവയാണ്.

Top