റിയാസിൽ പി.എഫ്.ഐ ബന്ധം ആരോപിച്ചത് തിരിച്ചടിച്ചു; സംഘപരിവാറിലും സുരേന്ദ്രനെതിരെ അതൃപ്തി

ന്ത്രി മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ നേതാവ് ആയിരിക്കെ പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. സി.പി.എം അനുകൂലികളാണ് ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനും അതു പോലെ തീവ്ര സ്വഭാവമുള്ള സംഘടനകൾക്കും എതിരെ എന്താണ് മുഹമ്മദ് റിയാസിന്റെ നിലപാടെന്നതിന് ഇതിനേക്കാൾ വലിയ ഒരു മറുപടി ആവശ്യമില്ല. റിയാസിൽ പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഈ പ്രസംഗം കേട്ടിരുന്നു എങ്കിൽ ഇത്തരമൊരു തെറ്റായ ആരോപണം ഉന്നയിക്കില്ലായിരുന്നു.

ജാതിക്കും.. .മതത്തിനും … നിറത്തിനും…സമ്പത്തിനും… എല്ലാം മീതെ മനുഷ്യനെ മനുഷ്യനായി കാണുന്ന മഹത്തായ പ്രത്യായശാസ്ത്രമാണ് കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രം. ആ പ്രത്യയശാസ്ത്രം തന്നെയാണ് റിയാസ് ഉൾപ്പെടെയുള്ള ലോകത്തെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെയും നയിക്കുന്നത്. ഈ യാഥാർത്ഥ്യം രാഷ്ട്രീയ പക തലയ്ക്കു പിടിച്ച കെ സുരേന്ദ്രനെ പോലെയുളള നേതാക്കൾ കണ്ടില്ലന്ന് നടിച്ചാലും രാഷ്ട്രീയ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. അവർക്ക് അതിനു കഴിയുന്നതു കൊണ്ടാണ് ഇപ്പോഴും കേരളം ഇടതുപക്ഷ കേരളമായി തുടരുന്നത്. സുരേന്ദ്രന്റെ പാർട്ടിയുടെ ഉള്ള അക്കൗണ്ട് പൂട്ടിച്ചതും ഈ പ്രബുദ്ധ ജനത തന്നെയാണെന്നതും ഓർത്തു കൊള്ളണം.

മന്ത്രി മുഹമ്മദ് റിയാസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എഫ്.ഐ ബന്ധം ആരോപിച്ചതു കൊണ്ടാന്നും ഒരു നേട്ടവും കേരളത്തിൽ ബി.ജെ.പിക്ക് ഉണ്ടാകാൻ പോകുന്നില്ല. കെ.സുരേന്ദ്രന്റെ ആരോപണത്തിനെതിരെ സംഘ പരിവാറിൽ തന്നെ നിലവിൽ അമർഷം പുകയുകയാണ്. പണി പാളി എന്ന് പരിവാർ നേതൃത്വത്തിനു തന്നെ മനസ്സിലായി കഴിഞ്ഞു. “വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ സുരേന്ദൻ നടത്തുന്ന പ്രതികരണങ്ങൾ സംഘപരിവാറിന്റെ ഉള്ള വിശ്വാസ്യതയെയും തകർക്കുന്നതാണെന്നാണ്” സംഘപരിവാർ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുസ്ലീം സമുദായത്തിൽ ജനിച്ച ഒരാളായതു കൊണ്ടുമാത്രം ഒരാളെ പി.എഫ്.ഐ പോലുള്ള തീവ്രവാദ സംഘടനയുമായുളള ബന്ധം ആരോപിക്കുന്നത് ശരിയായ നടപടിയല്ലന്നാണ് സംഘപരിവാർ കേന്ദങ്ങൾ പറയുന്നത്.

കെ.സുരേന്ദ്രൻ മുഹമ്മദ് റിയാസിനെതിരെ പി.എഫ്.ഐ ബന്ധം ആരോപിച്ചതിനു തൊട്ടുപിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ബി.ജെ.പി നേതാക്കൾ നേരിടുന്നത്. ഇതാണ് മലക്കം മറിയാൻ പരിവാർ നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. പി.എഫ്.ഐക്ക് എതിരെ മുഹമ്മദ് റിയാസ് മുൻപ് നടത്തിയ രൂക്ഷ പ്രതികരണങ്ങൾ സഹിതമാണ് സി.പി.എം അണികൾ സുരേന്ദ്രന് മറുപടി നൽകി വരുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഇത്തരം പ്രതികരണം നടത്തിയതിനു പിന്നിൽ മറ്റു ചില അജണ്ടകൾ ഉണ്ടോ എന്ന സംശയവും പൊതു സമൂഹത്തിൽ വ്യാപകമാണ്. സുരേന്ദ്രനെതിരെ സംസ്ഥാനത്ത് ചുമത്തപ്പെട്ട കേസുകളിൽ പൊലീസ് പിടിമുറുക്കുന്നതിലും അദ്ദേഹം അസ്വസ്ഥനാണ്.

ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടിക്കെതിരെ സി.പി.എം നിലപാട് കടുപ്പിക്കുക കൂടി ചെയ്തതോടെയാണ് ഈ അവസരം സുരേന്ദ്രൻ മുതലെടുക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞിരിക്കുന്നത്. “പുളളിമാന്റെ പുളളി തേച്ച് മാച്ച് കഴിയാനാകില്ലന്നാണ്” ക്രൈസ്തവരെ സ്വാധീനിക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ റിയാസ് പ്രതികരിച്ചിരുന്നത്. വിചാരധാരയെ തള്ളി പറയുന്ന രീതിയിലാണ് ബിജെ പി നേതാക്കളുടെ പ്രതികരണമെന്നും 2023ൽ ക്രിസ്തീയ ആഘോഷങ്ങൾക്കെതിരെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് തന്നെ ലേഖനമെഴുതിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. അതു കൊണ്ട് വിചാരധാരയിലെ ഉള്ളടക്കം പഴയ കാലത്തേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലന്നതാണ് റിയാസിന്റെ വാദം.

ആർ.എസ്.എസിന്റെ വിജയദശമി ദിനങ്ങളിലെ പ്രസംഗങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഇതെല്ലാം തിരിച്ചറിയാൻ മതപുരോഹിതന്മാർക്കു കഴിയുമെന്നും റിയാസ് വ്യക്തമാക്കുകയുണ്ടായി. ഇതിനു മറുപടി എന്ന നിലയിലാണ് റിയാസിന് പി.എഫ്.ഐ ബന്ധമുണ്ടെന്ന ആരോപണം സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. വിചാരധാര വാങ്ങി സിപിഎം എല്ലാ ക്രിസ്ത്യന്‍ വീടുകളിലും വിതരണം ചെയ്യട്ടെ എന്നു തുറന്നടിച്ച ബി.ജെ.പി അദ്ധ്യക്ഷൻ സിപിഎം അവസരം മുതലെടുത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

സി.പി.എമ്മിനെതിരെ ഒരു രാഷ്ട്രീയ മറുപടിക്കപ്പുറം സംസ്ഥാനത്തെ പ്രമുഖനായ മന്ത്രിയെ അതും സി.പി.എം മന്ത്രിയിൽ തന്നെ പി.എഫ്.ഐ ബന്ധം ആരോപിച്ചതാണ് സുരേന്ദ്രനും ബി.ജെ.പിക്കും വലിയ തിരിച്ചടിയായിരിക്കുന്നത്. വർഗ്ഗീയ ശക്തികൾക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടങ്ങൾക്കൊപ്പം പി.എഫ്.ഐക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവായിരിക്കെ മുഹമ്മദ് റിയാസ് സ്വീകരിച്ച നിലപാടുകളും നിലവിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായാണ് ചർച്ച ചെയ്യപ്പെടുന്നത്. അതിനുള്ള സാഹചര്യമാണ് സുരേന്ദനായിട്ട് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഈ രാഷ്ട്രീയ വിവാദങ്ങളെല്ലാം ആത്യന്തികമായി കേരളത്തിലെ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. രാഷ്ട്രീയ നിരീക്ഷകർചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്…

EXPRESS KERALA VIEW

Top