ന്യൂഡല്‍ഹി: ഡിഡിസിഎ അഴിമതിക്കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ജെയ്റ്റ്‌ലി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും ഷാ കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാര്‍ക്ക് ജെയ്റ്റ്‌ലി മാതൃകയാണ്. അദ്ദേഹത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്. ജനങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്. ആരോപണം ഉയര്‍ത്തി ജെയ്റ്റ്‌ലിയുടെ പ്രതിഛായ തകര്‍ക്കാമെന്നാണ് ആം ആദ്മി കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. ജെയ്റ്റ്‌ലിയുടെ പ്രതിഛായ തകര്‍ക്കാനുള്ള ആം ആദ്മിയുടെ ഗൂഢാലോചന അനുവദിക്കില്ലെന്നും ഷാ വാര്‍ത്താക്കുറുപ്പില്‍പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവാദം പാര്‍ലമെന്റിനേയും ഇളക്കിമറിക്കുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി വാര്‍ത്താക്കുറുപ്പിറക്കിയത്.


