പാര്‍വതിയെ താന്‍ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതം ഇടവേള ബാബു

കൊച്ചി: അമ്മയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച നടി പാര്‍വതിയെ താന്‍ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ മാത്രമാണ് രാജിവെച്ചത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് അമ്മക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നുവെന്നും സെക്രട്ടറിയോടാണ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്നും സെക്രട്ടറി പാര്‍വതിയെ പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും കഴിഞ്ഞ ദിവസം പത്മപ്രിയ പറഞ്ഞിരുന്നു.

മാത്രമല്ല, അമ്മയില്‍ ജനാധിപത്യം ഇല്ലെന്നും ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ചതിന് ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട്‌ പത്മപ്രിയ പറഞ്ഞിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ വ്യക്തമാക്കിയിരുന്നു.

Top