സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യഭദ്രതാ കിറ്റില്‍ വിതരണം ചെയ്ത കപ്പലണ്ടി മിഠായിയില്‍ പൂപ്പല്‍

കൊച്ചി: സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത കപ്പലണ്ടി മിഠായി കാലപ്പഴക്കം ചെന്നതെന്ന് ആരോപണം. കപ്പലണ്ടി മിഠായിയില്‍ പൂപ്പല്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപ്പോര്‍ട്ട്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുരുതരവീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗുണനിലവാരത്തില്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.

സര്‍ക്കാര്‍ അനലറ്റിക് ലാബിലെ പരിശോധനയില്‍ കപ്പലണ്ടി മിഠായിയില്‍ അഫ്‌ലോടോക്‌സിന്‍ ബി-1 എന്ന വിഷാംശം കണ്ടെത്തി. തൂത്തുക്കുടി ആല്‍ക്കാട്ടി കമ്പനിയാണ് കപ്പലണ്ടി മിഠായി നിര്‍മിച്ച് വിതരണം ചെയ്തത്.

അതേസമയം, സപ്ലെകോ ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ചെയ്തതെന്നും, സാമ്പിള്‍ പരിശോധിച്ച ഒരുഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള കാലപ്പഴക്കമോ ക്രമക്കേടോ കണ്ടെത്തിയിരുന്നില്ലെന്നും സപ്ലെകോ സി എം ഡി അലി അസ്‌കര്‍ പാഷാ പ്രതികരിച്ചു.

മുപ്പതോളം പരിശോനകള്‍ നടത്തിയ ശേഷമാണ് കപ്പലണ്ടി മിഠായി വിതരണം ചെയ്തത്. ഇതിനു പിന്നില്‍ ബോധപൂര്‍വമായ ഇടപെടല്‍ നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top