ബിജെപിയുമായി സഹകരണ സഖ്യമെന്ന് ആരോപണം; അന്വേഷിക്കുമെന്ന് സിപിഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുമായി സഹകരണ സഖ്യമുണ്ടെന്ന ആരോപണത്തിൽ അന്വേഷണ ഉത്തരവിട്ട് സിപിഎം. പൂര്‍വമേദിനിപുര്‍ ജില്ലയിലെ നന്ദകുമാറില്‍ നടന്ന സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം രൂപപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെയാണ് അന്വേഷണത്തിനായി പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്.

സഹകരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ അല്ല മത്സരമെന്നും ഒരു സഖ്യവും ബിജെപിയുമായി ഉണ്ടായിട്ടില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ നന്ദകുമാറില്‍ രൂപപ്പെട്ട കൂട്ടായ്മയെ കുറിച്ച് കാര്യമായ ആലോചന തന്നെ സിപിഐഎമ്മില്‍ നടക്കുന്നുണ്ട്. നിയമന അഴിമതിയും തൃണമൂല്‍ നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനവുമെല്ലാം മുന്‍നിര്‍ത്തി തുടര്‍ച്ചയായി സിപിഎം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പരമാവധി നേട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കാന്‍ ശ്രമം നടക്കവെയാണ് നന്ദകുമാറിലെ സഹകരണ സഖ്യം പാര്‍ട്ടിക്ക് കല്ലുകടിയായത്.

നന്ദകുമാറില്‍ ഉണ്ടായത് പോലുള്ള കൂട്ടായ്മകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ബിജെപിക്കും തൃണമൂലിനും എതിരായി ‘ഗ്രാമങ്ങള്‍ ഉണരുക, ബംഗാളിനെ രക്ഷിക്കുക’ എന്ന സന്ദേശവുമായി ഗ്രാമതലത്തില്‍ സിപിഎം പദയാത്രകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് പുതിയ സംഭവമുണ്ടായത്.

തൃണമൂലിനെതിരെ പൊരുതാന്‍ താഴെത്തട്ടിലുള്ള പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഒരടുപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാനതലത്തില്‍ ഇത് ഒരു പ്രവണതയായി വളരാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കൂടിയാണ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

 

 

Top