മയക്കുമരുന്ന് സംഘം പൊലീസിന്റെ ശിങ്കിടികള്‍; ഞെട്ടിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് !

തിരുവനന്തപുരം: പൊലീസിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ഞെട്ടിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ കഞ്ചാവ്, ലഹരിമരുന്ന് വേട്ടക്കായി രൂപീകരിച്ച സ്പെഷല്‍ ടാസ്‌ക് ഫോഴ്സി ( ഡാന്‍സാഫ്)ല്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സാഫിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.

അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലും ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതില്‍ പ്രതികളെന്ന് ചൂണ്ടിക്കാണിച്ചവര്‍ ഡാന്‍സാഫിന്റെ ശിങ്കിടികളായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോക്കല്‍ പൊലീസ് ഉന്നയിച്ച ചില ആരോപണങ്ങളെ തുടര്‍ന്നാണ് ഇന്റലിജന്‍സ് വിഭാഗം ഡാന്‍സാഫിനെതിരെ രഹസ്യാന്വേഷണം നടത്തിയത്.

ഡാന്‍സാഫ് മയക്കുമരുന്ന് സംഘങ്ങളുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച്, തലസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നതെന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ പ്രതിയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലഹരിക്കടത്ത് തടയാനും ലഹരിമാഫിയകളെ പിടികൂടാനുമായാണ് പോലീസിന് കീഴില്‍ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡന്‍സാഫ്) എന്ന പേരില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നത്. എന്നാല്‍ ലഹരിവേട്ടക്കാര്‍ തന്നെ ലഹരിമാഫിയകളുമായി ഒത്തുകളി നടത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Top