ഇപി ജയരാജനെതിരായ ആരോപണം: മുസ്ലിം ലീഗിലും ഭിന്നത

കോഴിക്കോട്: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ മുസ്ലിം ലീഗിലും ഭിന്നത. വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെടുന്നില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ കെപിഎ മജീദും കെഎം ഷാജിയും യൂത്ത് ലീഗും രംഗത്തെത്തി.

കുന്നിടിച്ചും ജലം ഊറ്റിയും സിപിഎം നേതാവ് ഇപി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി.

റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ. കെപിഎ മജീദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ഇപി ജയരാജനെതിരായ പുതിയ ആരോപണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് കെഎം ഷാജി ആവശ്യപ്പെട്ടു. ഇപിക്കെതിരായത് പുതിയ ആരോപണമല്ല. കണ്ണൂരിലെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എത്രയോ വർഷമായി കുന്ന് ഇടിക്കാൻ തുടങ്ങിയിട്ട്. കോടിക്കണക്കിന് രൂപയാണ് ഇൻവെസ്റ്റ് ചെയ്യുന്നത്.

അതിന് എല്ലാ അനുമതിയും നൽകിയത് സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ്. ഗോവിന്ദന്റെ ഭാര്യ അധ്യക്ഷയായിരുന്ന ആന്തൂർ നഗരസഭയാണ്. സാജനെന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായതും ഈ നഗരസഭ മൂലമാണ്.

ഇപിയുടെ പോക്ക് അപകടകരമാണന്ന് പിണറായി വിജയന് അറിയാം. ഇപിയുടെ ചിറകരിയണമെന്ന് വിചാരിച്ചു. അതിനായി പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ തന്നെ കൊണ്ടു വന്നു. പഴയ ആരോപണം പുതിയതായി അവതരിപ്പിച്ചു. പിണറായി വിജയന് പറ്റാതായാൽ ഇതാണ് സ്ഥിതി. അദ്ദേഹത്തെയോ മക്കളേയോ പറ്റി പറഞ്ഞാൽ പണി പാളും. അത് ആരായാലും. കെഎം ഷാജി പറഞ്ഞു.

കെപിഎ മജീദിന്റെ കുറിപ്പിന്റെ പൂർണരൂപം:

കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ.
നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല.
എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി.
റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്.
പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല.
ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ.

Top