ചെന്നിത്തലയുടെ ഇഫ്താര്‍ വിരുന്നിന് സ്വപ്‌ന പങ്കെടുത്തെന്ന് ഭരണപക്ഷം

തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിനിടെ പ്രതിപക്ഷ നേതാവിനെതിരേ ആരോപണവുമായി ഭരണപക്ഷം രംഗത്ത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് എത്തിയെന്നും ഇതിന്റെ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ടെന്നും എസ്.ശര്‍മ ആരോപിച്ചു.

പ്രതിപക്ഷ നേതാവിനെതിരേ ആരോപണം ഉയര്‍ന്നതോടെ ശര്‍മയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. ഇതിനിടെ ആരോപണത്തിന് മറുപടി നല്‍കിയ ചെന്നിത്തല താന്‍ സ്വപ്നയെ വിരുന്നിന് ക്ഷണിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. താന്‍ കോണ്‍സുലേറ്റ് ജനറലിനെയാണ് ഇഫ്താറിന് ക്ഷണിച്ചത്. അദ്ദേഹത്തിനൊപ്പം വന്നതിന് താന്‍ എന്ത് ചെയ്യാനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പിന്നാലെ മറുപടി പറഞ്ഞ ശര്‍മ അത്രയുമേ തങ്ങള്‍ പറഞ്ഞുള്ളൂ എന്നും പ്രതിപക്ഷ നേതാവ് അവരെ എന്തെങ്കിലും ചെയ്‌തെന്ന് പറഞ്ഞില്ലെന്നും പരിഹസിച്ചു.

Top