അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ്‍ ശുക്ല വിരമിച്ചു

അലഹാബാദ്: അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ്‍ ശുക്ല വിരമിച്ചു. മെഡിക്കല്‍ കോഴ കേസ് ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നാരായണ്‍ ശുക്ലയെ 2018 മുതല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷമായി ഔദ്യോഗിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്നില്ല.

ഈ രണ്ട് വര്‍ഷവും ശുക്ല പ്രതിമാസ ശമ്പളമായി രണ്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ മറികടന്ന് ലഖ്നൗവിലെ പ്രസാദ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് മെഡിക്കല്‍ പ്രവേശനാനുമതി നല്‍കിയെന്നായിരുന്നു ജസ്റ്റിസ് നാരായണ്‍ ശുക്ലയ്ക്ക് എതിരായ കണ്ടെത്തല്‍.

2019-ല്‍ ശുക്ലയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2005-ലാണ് ശുക്ല അലഹാബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.

Top