ഭാര്യയ്ക്ക് 18 കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റമല്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്രാജ്: ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്‍കിയ കേസില്‍ ഭര്‍ത്താവിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര പറഞ്ഞു.

ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നും അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് 18 വയസോ അതില്‍ കൂടുതലോ ആണെങ്കില്‍ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാന്‍ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. 377-ാം വകുപ്പ് പ്രകാരമുള്ള ‘പ്രകൃതിവിരുദ്ധ പീഡന’ത്തിന് വൈവാഹിക ബന്ധത്തില്‍ സ്ഥാനമില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്‍കാല വിധി ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

വിവാഹജീവിതം ദുരിതപൂര്‍ണ്ണമാണെന്നും വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു ഭാര്യയുടെ പരാതി. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും ഭാര്യയുടെ പരാതിയിലുണ്ടായിരുന്നു. ഐ.പി.സി. 377 പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 498 (എ), 323 വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു.

ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഈ വര്‍ഷം ആദ്യംസുപ്രീം കോടതി പരിഗണിച്ചിരുന്നു. ഭര്‍തൃബലാത്സംഗം കുറ്റകരമാക്കുന്നത് ‘സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

Top