ഗ്യാന്‍വാപി കേസ്: ‘പല ഹര്‍ജികളും പബ്ലിസിറ്റിക്ക് വേണ്ടി’; വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ തുടരെ ഹര്‍ജികള്‍ നല്‍കുന്നതില്‍ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി ഉത്തരവിട്ടു. പല ഹര്‍ജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കോടതി വിമര്‍ശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹര്‍ജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് ഹര്‍ജി വീണ്ടും പരിഗണിക്കും.

രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇരു വിഭാഗത്തിന്റെയും പുരോഹിതന്മാര്‍ ടി വി ചാനലുകളില്‍ ഇരുന്ന് പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇത് ശരിയല്ലെന്നും നിലവില്‍ കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പ്രസ്താവനകള്‍ പാടില്ലെന്നും അലഹബാദ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. അതേസമയം, കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്ജിദിലെ അറയില്‍ പൂജ തുടരുന്നുണ്ട്. പൂജക്ക് താല്‍ക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകള്‍ നടന്നത്.

മുന്‍പ് 1993ല്‍ റീസീവര്‍ ഭരണത്തിന് പിന്നാലെയാണ് അന്നത്തെ മുലായം സിംഗ് സര്‍ക്കാര്‍ പൂജകള്‍ വിലക്കിയത്. പൂജക്ക് അനുമതി നല്‍കിയതിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പ് പൂജ പൂര്‍ത്തിയാക്കിയിരുന്നു. അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയില്‍ മുസ്സീം വിഭാഗത്തിന്റെ ഹര്‍ജി എത്തിയത്. ജില്ലാ കോടതി വിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ മുസ്ലീം വിഭാഗം ആദ്യം സമീപിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകാനാണ് രജിസ്ട്രി നിര്‍ദേശം നല്‍കിയത്. ഗ്യാന്‍വാപി വിഷയത്തില്‍ യുപി ഭരണകൂടത്തിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് ജില്ലാ മജിസ്‌ട്രേറ്റ് പൂര്‍ജയ്ക്ക് തിടുക്കത്തില്‍ സൗകര്യം ഒരുക്കിയ നടപടി.

Top