‘ആദിപുരുഷി’നെതിരെ രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി

‘ആദിപുരുഷ്’ സിനിമയുടെ സംഭാഷണങ്ങള്‍ക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും സെന്‍സര്‍ ബോര്‍ഡിനെയും നിശിതമായി വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതി. സിനിമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സിനിമയുടെ തിരക്കഥാകൃത്തായ മനോജ് മുൻതാഷിറിനെ കേസിൽ കക്ഷി ചേർക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തോട് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

“സിനിമയിലെ സംഭാഷണങ്ങളുടെ സ്വഭാവം തന്നെ പ്രശ്‌നമാണ്. രാമായണം മഹത്തരമായ ഒരു മാതൃകയായാണ് കരുതപ്പെടുന്നത്. ആളുകള്‍ വളരെ സഹിഷ്ണുതയുള്ളവരാണെന്ന് കരുതി, ഞങ്ങള്‍ ഇതിനെതിരേ കണ്ണടച്ചാല്‍ നിങ്ങള്‍ അവരെ ഇനിയും പരീക്ഷിക്കുകയില്ലേ?”- കോടതി ചോദിച്ചു.

‘ആദിപുരുഷി’ന്റെ കാര്യത്തിൽ സെന്‍സര്‍ ബോര്‍ഡ് അവരുടെ കടമ നിറവേറ്റിയോ എന്നും കോടതി ആരാഞ്ഞു. “ഈ സിനിമ കണ്ടതിന് ശേഷം ആളുകള്‍ നിയമം കയ്യിലെടുത്തില്ല എന്നതില്‍ സന്തോഷമുണ്ട്. വിവാദപരമായ കാര്യങ്ങള്‍ ആദ്യം തന്നെ നീക്കം ചെയ്യണമായിരുന്നു. പല രംഗങ്ങളും പ്രായപൂർത്തിയാവർ മാത്രം കാണേണ്ട എ സർട്ടിഫിക്കറ്റ് കാറ്റഗറിയിൽ പെടുന്നതാണന്നു തോന്നുന്നു ഇത്തരം സിനിമകള്‍ കാണുന്നത് വളരെ ദുഷ്‌കരമാണ്.”

സിനിമയില്‍നിന്ന് മോശം സംഭാഷണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതിന് കോടതി നല്‍കിയ മറുപടി ഇങ്ങനെ: “അതില്‍മാത്രം കാര്യം ഇല്ല. ദൃശ്യങ്ങൾക്കു മാറ്റം വരുന്നില്ലല്ലോ. ഇക്കാര്യത്തിലുള്ള മാർഗനിർദേശങ്ങൾ എന്താണെന്നു നോക്കൂ. അതിന് ശേഷം ഞങ്ങള്‍ വേണ്ടത് ചെയ്യും. ഒരു പക്ഷെ ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയാല്‍ വികാരം വ്രണപ്പെട്ടവര്‍ക്ക് ആശ്വാസം ലഭിച്ചേക്കും.”- കോടതി പറഞ്ഞു.

സിനിമ തുടങ്ങുന്നതിന് മുൻപ് കഥയെ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്ന വാദത്തിൽ ഇടപെട്ടുകൊണ്ട് കോടതി പറഞ്ഞു: ‘മുന്നറിയിപ്പ് നൽകിയ നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണെന്നാണോ കരുതുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും എല്ലാ കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും?’.- കോടതി ചോദിച്ചു. കേസ് സംബന്ധിച്ച വാദം നാളെയും തുടരും.

ഒട്ടേറെ സംഘടനകളാണ് ചിത്രത്തിനെതിരേ പരാതിയുമായി രംഗത്ത് വന്നത്. മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. സെന്‍സര്‍ബോര്‍ഡ് ‘മഹാഭാരത’ത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്ള വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സിനിമയില്‍ മാറ്റംവരുത്താന്‍ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാര്‍ത്താവിതരണമന്ത്രി അനുരാഗ് ശുക്ള പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത ‘ആദിപുരുഷ്’ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ കിതയ്ക്കുകയാണ്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്ന് ‘ആദിപുരുഷി’ന് നേടാനായത് വെറും 1.75 കോടിയാണെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയില്‍നിന്ന് ആകെ 277.50 കോടി രൂപയാണ് വരുമാനം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കം ലോകവ്യാപകമായി 450 കോടിയാണ് നേടിയിരിക്കുന്നത്. 500 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Top