രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തും

തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷന്‍ ലഭിച്ച ജില്ലകളില്‍ സെന്റിനൈല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1000 സാമ്പിളുകളില്‍ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളില്‍ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കും ഒരു മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായവര്‍ക്കും ടെസ്റ്റുകള്‍ ആവശ്യമില്ല.

12 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ ജില്ലാ അതോറിറ്റികള്‍ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 7,537 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 6,480 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 13,44,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

Top