സത്യസന്ധരെന്ന് കെജ്രിവാളിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെല്ലാം ഇപ്പോള്‍ ജയിലിലാണ്; അനുരാഗ് ഠാക്കൂര്‍

റായ്പൂര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഡല്‍ഹി മദ്യനയക്കേസില്‍ എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങ് അറസ്റ്റിലായതിന് പിന്നാലെയാണ് വിമര്‍ശനം. കെജ്രിവാള്‍ സത്യസന്ധരെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. കെജ്രിവാളിനെ കാണുമ്പോള്‍ ജനങ്ങള്‍ ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മുഖത്ത് മാനസിക പിരിമുറുക്കം അവര്‍ക്ക് കാണാമെന്നും ഠാക്കൂര്‍ പരിഹസിച്ചു.

അഴിമതിക്കെതിരേ മുദ്രാവാക്യം ഉയര്‍ത്തി മുന്നോട്ടുവന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും അഴിമതിക്കേസില്‍പ്പെട്ട് ജയിലിലാണ്. ഇതിന്റെയെല്ലാം സൂത്രധാരന്‍ ഇപ്പോഴും പുറത്താണ്. അദ്ദേഹത്തിന്റെ ഊഴവും ഉടന്‍ വരുമെന്നും ഠാക്കൂര്‍ പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സത്യസന്ധരെന്ന് കെജ്രിവാളിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. അടുത്തത് ആരാണ് ഉടനെതന്നെ അക്കാര്യം മാധ്യമങ്ങളില്‍ തലക്കെട്ടായി മാറും എന്നും ഠാക്കൂര്‍ പറഞ്ഞു

മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആരോപണത്തില്‍ 10 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് പിന്നാലെ ബുധനാഴ്ച രാത്രിയാണ് സജ്ഞയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഡല്‍ഹിയില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവാണ് സഞ്ജയ് സിങ്. കഴിഞ്ഞ വര്‍ഷം മേയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും അറസ്റ്റിലായിരുന്നു.

Top