ദുബായില്‍ ഒക്ടോബര്‍ മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക്

ദുബായ്: അടുത്ത മാസം മുതല്‍ എല്ലാ വിദ്യാര്‍ഥികളും ദുബായിലെ സ്‌കൂളുകളില്‍ നേരിട്ടുള്ള പഠനത്തിനെത്തും. ഒക്ടോബര്‍ മൂന്നുമുതല്‍ എല്ലാ വിദ്യാര്‍ഥികളെയും ക്യാമ്പസിലേക്ക് സ്വാഗതം ചെയ്യാന്‍ സ്‌കൂളുകളെല്ലാം 100 ശതമാനം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.
കോവിഡ് സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. സ്‌കൂളുകളില്‍ ക്ലാസ് റൂമുകളും ഇരിപ്പിടങ്ങളും സ്‌കൂള്‍ ബസുകളിലെ ഇരിപ്പിടങ്ങളും പുനഃക്രമീകരിച്ചു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സ്‌കൂള്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ നിലവില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നല്‍കുന്നുണ്ട്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) നിശ്ചയിച്ച തീയതിക്ക് ശേഷം ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

വിദേശത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒക്ടോബര്‍ മൂന്നിന് ശേഷം ഓണ്‍ലൈന്‍ പഠനംതന്നെ തിരഞ്ഞെടുക്കാം. അതേസമയം പുതിയ അധ്യയനവര്‍ഷത്തില്‍ ഓഗസ്റ്റ് 29-ന് തന്നെ ഏറെക്കുറെ വിദ്യാര്‍ഥികളും ക്യാമ്പസില്‍ തിരിച്ചെത്തിയതായി സ്‌കൂള്‍ മേധാവികള്‍ പറഞ്ഞു.
കോവിഡ് മഹാമാരിയൊതുങ്ങി സ്‌കൂളുകളിലേക്ക് കുട്ടികള്‍ തിരിച്ചെത്തുന്നതിന് മുന്‍പുതന്നെ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിച്ച് ആത്മവിശ്വാസം വളര്‍ത്താന്‍ പതിവായി വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നുണ്ട്.

ഇതിനുപുറമെ പഠനത്തിന് വീട്ടില്‍ പിന്തുണയുണ്ടെന്ന് ഉറപ്പാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ ഇടയ്ക്കിടെ ആശയവിനിമയവും നടത്തിവരുന്നു. സ്‌കൂള്‍ യാത്രകള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികളെ സാമൂഹികമായി അഭിവൃദ്ധിപ്പെടുത്താനും പഠനത്തില്‍ മികച്ച പുരോഗതി കൈവരിക്കാനും സഹായിക്കും. 18 മാസത്തെ ഓണ്‍ലൈന്‍ പഠനത്തിനുശേഷം തിരിച്ചെത്തുന്ന കുട്ടികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കിയതായി ദുബായ് അമിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

Top