All-set-for-human-chain-campaign-today

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്.

തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ വൈകീട്ട് അഞ്ചു മണിക്ക് ദേശീയപാതയ്ക്ക് പടിഞ്ഞാറ് വശത്ത് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പരസ്പരം കൈകള്‍ കോര്‍ത്ത് മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും.

4.30 ഓടെ മനുഷ്യച്ചങ്ങലയുടെ ഡ്രസ് റിഹേഴ്‌സല്‍ നടക്കും. അഞ്ചു മണിക്കു തന്നെ ചങ്ങല തീര്‍ക്കാന്‍ ആരംഭിക്കും.

തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യകണ്ണിയാകും. തുടര്‍ന്ന് കണ്ണികളായി ചങ്ങല തീര്‍ത്ത് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചൊല്ലും. സമരത്തോടനുബന്ധിച്ച് ആയിരക്കണക്കിനു പൊതുയോഗങ്ങള്‍ ദേശീയപാതയോരത്ത് ചേരും. വാഹനഗാതഗതത്തിന് തടസം വരാത്ത രൂപത്തിലാകും സമരം സംഘടിപ്പിക്കുക.

വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, വി. ശശി, അഡ്വ. എന്‍. രാജന്‍, നീലലോഹിതദാസന്‍, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവും.

രാജ്ഭവന് മുന്നില്‍ നിന്നാരംഭിച്ച് ആലപ്പുഴ വഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൗണ്‍ വരെയാണ് ചങ്ങല.

പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ ഭാഗമാവും. ഇടതുപക്ഷവുമായി സഹകരിക്കുന്ന ജെ.എസ്.എസ്, ഐ.എന്‍.എല്‍, സി.എം.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍. ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ട്ടികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവും.

Top