വെസ്റ്റ് ഇന്‍ഡീസ് ടി20 ടീമില്‍ തിരിച്ചെത്തി ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍

വെസ്റ്റ് ഇന്‍ഡീസ് ടി20 ടീമില്‍ തിരിച്ചെത്തി ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയ്ക്കുള്ള 15 അംഗ ടീമിലാണ് 35 കാരന്‍ പവര്‍ ഹിറ്ററെ ഉള്‍പ്പെടുത്തിയത്. 2021 ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് കരീബിയന്‍ ഹിറ്റ്മാന്‍ അവസാനമായി ടി20 കളിച്ചത്.

ഓള്‍റൗണ്ടര്‍ ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ്എയ്ക്കൊപ്പം 2024 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പുള്ള അവസാന ടി20 പാരമ്പരയാണിതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 22 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ബാര്‍ബഡോസിലാണ് ആദ്യ ടി20 മത്സരം. അടുത്ത രണ്ട് മത്സരങ്ങള്‍ ഗ്രനേഡയിലും, അവസാന രണ്ട് മത്സരങ്ങള്‍ ട്രിനിഡാഡിലും നടക്കും.

റോവ്മാന്‍ പവലാണ് കരീബിയന്‍ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഷായ് ഹോപ്പിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ നിക്കോളാസ് പൂരനെയും ജേസണ്‍ ഹോള്‍ഡറെയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷമാണ് റസ്സല്‍ ടി20 ടീമില്‍ ഇടം നേടുന്നത്.

Top