ദിനേശ് കാര്‍ത്തികിന്റെ മികവില്‍ നൈറ്റ് റൈഡേഴ്സിന് ചെന്നൈയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം

dk

കൊല്‍ക്കത്ത: ദിനേശ് കാര്‍ത്തികിന്റെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചാം വിജയം. 14 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ വിജയം. ചെന്നൈ മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

18 പന്തില്‍ 45 റണ്‍സടിച്ച ദിനേശ് കാര്‍ത്തിക് അവസാന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. ഏഴു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്റെ ഇന്നിങ്സ്. 36 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന യുവതാരം ശുഭം ഗില്‍ കാര്‍ത്തിക്കിന് മികച്ച പിന്തുണ നല്‍കി. ആറു ഫോറും രണ്ട് സിക്സും പതിനെട്ടുകാരന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇരുവരും പുറത്താകാതെ അഞ്ചാം വിക്കറ്റില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

12 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ക്രിസ് ലിന്നിനെ നഷ്ടപ്പെട്ട കൊല്‍ക്കത്ത പിന്നീട് അധികം പരിക്കേല്‍ക്കാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സുനില്‍ നരെയ്ന്‍ 20 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ എട്ട് പന്തില്‍ ആറു റണ്‍സായിരുന്നു ഉത്തപ്പയുടെ സംഭാവന. റിങ്കു സിംഗ് 12 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ എം.എസ് ധോനിയുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സടിച്ചിരുന്നു. 25 പന്തില്‍ ഒരു ഫോറും നാല് സിക്‌സുമടക്കം ധോനി പുറത്താകാതെ 43 റണ്‍സടിച്ചു.

ഷെയ്ന്‍ വാട്‌സണും ഫാഫ് ഡു പ്ലെസിസും അടങ്ങിയ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. ഇരുവരും 5.1 ഓവറില്‍ 48 റണ്‍സടിച്ചു. ഡു പ്ലെസിസ് 27 റണ്‍സും വാട്‌സണ്‍ 36 റണ്‍സും നേടി. ഡു പ്ലെസിസിനെ പുറത്താക്കി ചൗളയാണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.

പിന്നീട് ക്രീസിലെത്തിയ സുരേഷ് റെയ്‌ന 31 റണ്‍സടിച്ചപ്പോള്‍ റായിഡുവിന്റെ സംഭാവന 21 റണ്‍സായിരുന്നു. 19-ാം ഓവറില്‍ നരെയ്ന്‍ പന്തെറിയാനെത്തിയതോടെ ചെന്നൈയുടെ റണ്‍റേറ്റ് കുറഞ്ഞു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ 12 റണ്‍സെടുത്ത ജഡേജയെ നരെയ്ന്‍ പുറത്താക്കി. ഒടുവില്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് ധോനി ചെന്നൈയുടെ സ്‌കോര്‍ 177-ലെത്തിച്ചു. കൊല്‍ക്കത്തയ്ക്കായി പിയൂഷ് ചൗളയും സുനില്‍ നരെയ്‌നും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Top