രാഹുലിന്റെ ഉപദേശകര്‍ എല്ലാം ‘തീര്‍ത്തു’ കെ.സിക്കെതിരെ തുറന്നടിച്ച് അമരീന്ദര്‍ !

പദേശകര്‍ രാഹുലിനെയും പ്രിയങ്കയെയും പറ്റിക്കുകയാണെന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ലക്ഷൃമിടുന്നത് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ. രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്ന് പറഞ്ഞ അമരീന്ദര്‍ സിംഗ്. ഉപദേശകര്‍ ഇരുവരെയും വഴിതെറ്റിക്കുകയാണെ ഗുരുതര ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്. ”പ്രിയങ്കയും രാഹുലും തനിക്ക് മക്കളെപ്പോലെയാണ് ‘ എന്ന് തുറന്നു പറഞ്ഞ മുന്‍ പഞ്ചാബ് മുഖ്യന്‍ ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

രാജിവെച്ചൊഴിയുന്നതിന് മൂന്നാഴ്ച മുന്‍പേ രാജിക്കത്ത് സോണിയാ ഗാന്ധിക്ക് നല്‍കിയ കാര്യവും അമരീന്ദര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോട് തുടരാന്‍ സോണിയ ആണ് ആവശ്യപ്പെട്ടിരുന്നത്. ഇതേ സോണിയ തന്നെ വിളിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ അതും ചെയ്യുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. കര്‍ത്തവ്യം എങ്ങനെ നിറവേറ്റണമെന്നും തിരികെ വിളിച്ചാല്‍ മടങ്ങിപ്പോകണമെന്നും ഒരു സൈനികനായ തനിക്ക് അറിയാമെന്നു കൂടി മുന്‍ സൈനിക ക്യാപ്റ്റന്‍ കൂടിയായ അമരീന്ദര്‍ സിംഗ് തുറന്നടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ നെഹ്‌റു കുടുംബത്തെയാണ് ഇപ്പോള്‍ ചുട്ടുപൊള്ളിക്കുന്നത്. എം.എല്‍.എമാരെ ഫ്‌ളൈറ്റില്‍ കയറ്റി ഗോവയിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ താന്‍ കൊണ്ടുപോകില്ലന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ തട്ടിപ്പു കാണിക്കാറില്ലെന്നും അതല്ല തന്റെ വഴിയെന്ന് രാഹുലിനും പ്രിയങ്കയ്ക്കും അറിയാമെന്നും അമരീന്ദര്‍ തുറന്നടിച്ചതോടെ ആകെ വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസ്സാണ്. എന്തിന് അമരീന്ദര്‍ സിംഗിനെ മാറ്റി എന്നതിന് ഇതുവരെ വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അണികളും വലിയ നിരാശയിലാണ്. സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലഹമാണ് അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയിരുന്നത്. നവ്‌ജ്യോത് സിങ് സിദ്ദുവാണ് അമരീന്ദറിന്റെ കസേര തെറിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ നിന്നും പ്രവര്‍ത്തിച്ച ബുദ്ധി ഹൈക്കമാന്റാണ് എന്നതും വ്യക്തം.

എം.എല്‍.എമാരെ സംഘടിപ്പിച്ച് കത്തയപ്പിച്ചത് സിദ്ദുവാണെങ്കില്‍ തിരക്കഥ കെ.സി വേണു ഗോപാലിന്റെ ആണെന്നാണ് അമരീന്ദര്‍ സിംഗ് വിശ്വസിക്കുന്നത്. ഇതിനു ചുട്ട മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവരെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ അമരീന്ദറിന്റെ അനുയായികളും തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്ന സിദ്ദു ദേശവിരുദ്ധനും അപകടകാരിയുമാണെന്ന് പറയുക വഴി കോണ്‍ഗ്രസ്സിനെയാണ് അമരീന്ദര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ”വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ ” പഞ്ചാബിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ.

തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന ഭയം നേതാക്കളിലും പ്രകടമാണ്. എല്ലാറ്റിനും ഉത്തരവാദിയായി പഞ്ചാബിലെ കോണ്‍ഗ്രസ്സ് അണികള്‍ ചൂണ്ടിക്കാട്ടുന്നതും രണ്ടു പേരെയാണ്. രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലുമാണ് പ്രതിസ്ഥാനത്തുള്ളത്. പഞ്ചാബില്‍ ഭരണം നഷ്ടമായാല്‍ ആദ്യം കസേര തെറിക്കുന്നതും കെ.സിയുടേതായിരിക്കും. തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കുന്ന ഹൈക്കമാന്റിലെ തിരുത്തല്‍ വാദികളും ഈ ഒരു അവസരത്തിനായാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് സംഘടനാ ജനറല്‍ സെക്രട്ടറിയെ തന്നെയാണ് അവരും ലക്ഷ്യം വയ്ക്കുന്നത്. വലം കൈ പോയാല്‍ തളരുക രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഈ നീക്കം. കെ.സി ഡല്‍ഹിയില്‍ വീണാല്‍ കേരളത്തിലെ പുതിയ നേതൃത്വത്തിനും അത് വലിയ പ്രഹരമാകും. അക്കാര്യവും ഉറപ്പാണ്.

EXPRESS KERALA VIEW

Top