പൊതുമരാമത്ത് വകുപ്പിലെ പദ്ധതി വിവരങ്ങളെല്ലാം ഇനി തത്സമയം; ഐഐപിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അറിയാന്‍ കഴിയുന്ന പുതിയ സംവിധാനം ആരംഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഐഐപി (ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍) എന്ന ഈ സംവിധാനം വഴി പൊതുമരാമത്ത് പ്രവൃത്തികളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും വിവരങ്ങള്‍ ഓഫീസില്‍ തത്സമയം മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിആര്‍ മഹേഷ് എംഎല്‍എയുടേയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിമിന്റെയും സാന്നിധ്യത്തിലാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്.

ഇത് നടപ്പിലാകുന്നതോടെ പദ്ധതിയുടെ പുരോഗതി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലായോ തുടങ്ങിയ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ഇതുവഴി പദ്ധതിയുടെ തല്‍സമയ ചിത്രങ്ങളും വിഡിയോയും കാണാനും പദ്ധതികളുടെ വിലയിരുത്തല്‍ അനായാസം നടത്താനാകുമെന്നും മന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു. പിഡബ്ല്യുഡി ആപ്പിലും സമൂഹമാധ്യമത്തിലും വരുന്ന പരാതികളിലും തത്സമയം നടപടിയെടുക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രം, വീഡിയോകളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സി ആര്‍ മഹേഷിന്റെ മണ്ഡലമായ കരുനാഗപ്പള്ളിയിലെ റോഡുകളുടെ വിവരങ്ങള്‍ ഐഐപി വഴി ഉദ്യോഗസ്ഥര്‍ തല്‍സമയം കാട്ടിക്കൊടുത്തു. മണ്ഡലത്തിലെ മുഴുവന്‍ ജോലികളുടെയും തത്സമയ വിവരം അറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് സിആര്‍ മഹേഷ് പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ ജോലികളും അരമണിക്കൂര്‍ കൊണ്ട് വിലയിരുത്താനാകും. വിവരസാങ്കേതിക വിദ്യയുടെ നേട്ടം വകുപ്പ് ഉപയോഗിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐഐപിയിലൂടെ പദ്ധതികളുടെ നിലവിലെ അവസ്ഥ എന്തെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല, ഗസ്റ്റ്ഹൗസുകളിലെ വാടക, വിഷയത്തിലെ ജനങ്ങളുടെ അഭിപ്രായം, പരാതി എന്നിവ തത്സമയം അറിയാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Top