മകരവിളക്ക് ദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണമാണ്; കെ. രാധാകൃഷ്ണന്‍

പത്തനംത്തിട്ട: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നിലവില്‍ രണ്ടര ലക്ഷത്തിലേറെ ഭക്തര്‍ സന്നിധാനത്തുണ്ട്. ശബരിമലയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീര്‍ഥാടനം ഒരുക്കാന്‍ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറില്‍ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വര്‍ധിക്കും എന്ന് മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് തീര്‍ഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങള്‍ പരത്താനുള്ള ശ്രമമുണ്ടായി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യര്‍ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top