‘ശബരിമലയില്‍ പൊലീസുകാര്‍ക്കുള്ള നിര്‍ദേശം ദുരുദ്ദേശപരം’; മുളയിലെ നുള്ളുന്നതാണ് നല്ലതെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തീർത്ഥാടന സീസണ് മുന്നോടിയായി പൊലീസുകാർക്ക് നൽകിയ പൊതു നിർദ്ദേശങ്ങളിൽ സർക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . 2018ലെ സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശത്തിനോടാണ് എതിർപ്പ്. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിർന്നാൽ പഴയതൊന്നും ഓർമ്മിപ്പിക്കരുതെന്നും പറഞ്ഞാണ് കെ സുരേന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പ്.

ശബരിമലയിൽ എല്ലാം തീർത്ഥാടകർക്കും പ്രവേശനം ഉണ്ടെന്ന ആഭ്യന്തര വകുപ്പ് നിർദ്ദേശത്തിന് എതിരെയാണ് ബിജെപി രംഗത്ത് വന്നിട്ടുള്ളത്. ശബരിമലയിൽ ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർക്ക് നൽകിയ നിർദ്ദേശങ്ങളിലാണ് ആഭ്യന്തര വകുപ്പ് എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്.

2018ലെ സുപ്രീം കോടതി വിധി പ്രകാരം എല്ലാവർക്കും പ്രവേശനം ഉണ്ടെന്നാണ് പൊലീസിനുള്ള നിർദ്ദേശത്തിൽ പറയുന്നത്. ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർ എല്ലാം ആചാരങ്ങൾ പാലിക്കണം എന്നും നിർദേശത്തിൽ പറയുന്നുണ്ട്. ശബരിമലയിൽ പൊലീസിന് നൽകിയ വിവാദ നിർദേശം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.

Top