മരടിലെ എല്ലാ ഫ്‌ലാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കില്ല: ജ.ബാലകൃഷ്ണൻ നായര്‍ സമിതി

കൊച്ചി: മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകള്‍ക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി. അര്‍ഹത നോക്കിയാകും ഓരോ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുക. ഭൂമിയുടെയും ഫ്‌ലാറ്റിന്റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്നും സമിതി വ്യക്തമാക്കി.

നിലവില്‍ 14 ഫ്‌ലാറ്റുടമകള്‍ക്കാണ് ഇടക്കാല ആശ്വാസത്തിന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കാനാണ് ശുപാര്‍ശയിലുള്ളത്.രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാള്‍ക്കാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നല്‍കാനും ശുപാര്‍ശയുണ്ട്. ആദ്യഘട്ട റിപ്പോര്‍ട്ടിലുള്ളത് 14 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശയാണ്. ആദ്യഘട്ടത്തില്‍ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നല്‍കണം.

ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുക. ഗോള്‍ഡന്‍ കായലോരത്തിലെ നാല് പേര്‍ക്കും, ആല്‍ഫാ സെറീനിലെ നാല് പേര്‍ക്കും, ജെയ്ന്‍ കോറല്‍ കോവിലെ ആറ് പേര്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കുക.

Top