ലൈസന്‍സോ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ഇനി കൊണ്ടുനടക്കേണ്ട എല്ലാം ഡിജിറ്റല്‍ രൂപത്തില്‍

ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും എപ്പോഴും കൊണ്ടു നടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരുടെ കൈയ്യില്‍ നിന്നും ഇത്തരം രേഖകള്‍ നഷ്ടപ്പെട്ടു പോവാനുള്ള പ്രധാന കാരണവും ഈ കൊണ്ടു നടക്കലാണ്. മറവി കൂടുതലുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ പിന്നെ പറയുകയും വേണ്ട.

എന്നാലിതാ, ഇത്തരം രേഖകള്‍ കൈവശം കൊണ്ടു നടക്കാതെ പകരം മൊബൈല്‍ ആപ്പുകളില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന രേഖകള്‍ സാധുതയുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ പ്ലാറ്റ്‌ഫോം വഴിയുള്ള രേഖകള്‍ക്ക് സാധുതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇനി മുതല്‍ ഇലക്‌ട്രോണിക് ഫോമിലുള്ള രേഖകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഡിജിലോക്കര്‍, എംപരിവാഹന്‍ തുടങ്ങിയ ആപ്പുകളിലെ രേഖകള്‍ ട്രാഫിക് പൊലീസോ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റോ അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാല്‍ ഇനി ധൈര്യമായി രേഖകള്‍ വീട്ടില്‍ വെച്ച് മൊബൈലുമായി നമുക്ക് റോഡിലിറങ്ങാം. ട്രാഫിക് പൊലീസ് ചെക്കിങിനായി നിങ്ങളുടെ കൈവശമുള്ള ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്നു മാത്രം.

Top