അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് തമിഴ്നാട് ജനറല്‍ സെക്രട്ടറി എസ് വിജയധരണി പാര്‍ട്ടി വിട്ടു

ചെന്നൈ: അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് തമിഴ്നാട് ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ചീഫ് വിപ്പുമായ എസ് വിജയധരണി പാര്‍ട്ടി വിട്ടു. ബിജെപി ദേശീയനേതാക്കളുമായി വിജയധരണി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പേര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി മണ്ഡലത്തില്‍ ഇവര്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ വിജയധരണിയെ സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തതാണ് വിജയധരണി പാര്‍ട്ടി വിടാന്‍ കാരണമെന്ന് സൂചനകള്‍ ഉണ്ട്. ശനിയാഴ്ച, എഐസിസി സെല്‍വപെരുന്തഗൈയെ പുതിയ ടിഎന്‍സിസി അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ഇതില്‍ വിജയധരണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള വിജയധരണി, മുന്‍ ടിഎന്‍സിസി മേധാവി ഇവികെഎസ് ഇളങ്കോവനെതിരെ പീഡന കുറ്റം ആരോപിച്ചിരുന്നു. തമിഴ്‌നാട് സ്പീക്കര്‍ ധനപാലിനെതിരെയും ഇവര്‍ കുറ്റം ആരോപിച്ചിരുന്നു.

കന്യാകുമാരി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണം കോണ്‍ഗ്രസും മറ്റുള്ളവ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവയുമാണ് പ്രതിനിധീകരിക്കുന്നത്. വിളവന്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയും എംഎല്‍എയായ വിജയധരണി കഴിഞ്ഞയാഴ്ച നിയമസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തില്ല. അഭിഭാഷക കൂടിയായ വിജയധരണി സുപ്രീം കോടതിയില്‍ ഒരു കേസിന് ഹാജരാകാന്‍ ഡല്‍ഹിയിലാണെന്നാണ് റിപ്പേര്‍ട്ട്.

Top