എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ജീവനോപാധി നല്‍കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ജീവനോപാധി നല്‍കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.

മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങുന്നതിനു മത്സ്യഫെഡ് മുഖേന പലിശ രഹിത വായ്പ ലഭ്യമാക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ഓഖി ദുരന്തബാധിതരായവരുടെ കുടുംബങ്ങള്‍ക്കു സമഗ്രമായ സഹായമാണു സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പറഞ്ഞു. ഓഖി ദുരന്തബാധിതരായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദുരന്തത്തില്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസ, തൊഴില്‍ പരിശീലനത്തിന് 13.92 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്.

20 വര്‍ഷം നീളുന്ന ഈ പദ്ധതി പ്രകാരം എല്‍.കെ.ജി. മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കു പ്രതിവര്‍ഷം 10,000 രൂപ വീതം ലഭിക്കും. ആറു മുതല്‍ 10 വരെ ക്ലാസുകളിലുള്ളവര്‍ക്ക് 25,000 രൂപയും പ്ലസ്ടു വിഭാഗം കുട്ടികള്‍ക്ക് 30,000 രൂപയും ലഭിക്കും. ബിരുദതലത്തിലുള്ളവര്‍ക്കു പ്രതിവര്‍ഷം 1,00,000 രൂപ വരെ ലഭിക്കത്തക്ക രീതിയിലാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. എല്‍.കെ.ജി, യു.കെ.ജി. ക്ലാസുകളിലെ 31 കുട്ടികളും ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 65 പേര്‍ക്കും ആറു മുതല്‍ 10 വരെ ക്ലാസുകളില്‍ 50 പേര്‍ക്കും ഹയര്‍ സെക്കന്‍ഡറിയില്‍ ഏഴു പേര്‍ക്കും പ്രൊഫഷണല്‍ കോഴ്സുകളടക്കം ബിരുദ തലത്തില്‍ 41 പേര്‍ക്കുമാണു വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നത്.

Top