സുഷമ സ്വരാജിന്റെ മറുപടി കാത്ത് ലോകം; ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍

ന്യൂയോര്‍ക്ക്: ഇന്ന് വൈകിട്ട് 7.15നാണ് സുഷമ സ്വരാജ് വീണ്ടും ഐക്യരാഷ്ട്ര സഭയെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നത്. ഇന്ത്യ-പാക്ക് വാക്ക് പോരിന്റെ അടുത്ത പടിയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. കശ്മീര്‍ വിഷയങ്ങളില്‍ ഡല്‍ഹി നടത്തുന്ന ഇടപെടലുകള്‍ മൂലമാണ് അവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്രയധികം നടക്കുന്നതെന്ന് കഴിഞ്ഞ ദിവസത്തെ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ തീവ്രവാദ സംഘങ്ങളെ പരിപോഷിപ്പിക്കുകയാണെന്നും ലക്ഷ്വറി തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ് വിഭാഗങ്ങള്‍ ഇവരുടെ തണലിലാണ് വളരുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

അതേസമയം, ഈ മേഖലയിലെ രാജ്യങ്ങളുടെ സഹകരണത്തിന് ഇന്ത്യയാണു തടസ്സം സൃഷ്ടിക്കുന്നതെന്ന് പാക്ക് വിദേശകാര്യമന്ത്രി മെഖ്ദൂം മഹ്മൂദ് ഷാ ഖുറേഷി കുറ്റപ്പെടുത്തി. യുഎന്‍ സമ്മേളനത്തിന്റെ ഇടയ്ക്കുവച്ചു സുഷമ വേദി വിട്ടതും ഇതിന് ഉദാഹരണമായി ഖുറേഷി ചൂണ്ടിക്കാട്ടി.

മുന്‍ വര്‍ഷത്തെ സമ്മേളനത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. തീവ്രവാദ സംഘങ്ങള്‍ക്ക് എല്ലാ സഹായങ്ങളും പാക്കിസ്ഥാനാണ് നല്‍കുന്നതെന്ന് സുഷമ സ്വരാജ് ആഞ്ഞടിച്ചിരുന്നു. ഇന്ത്യ സാങ്കേതിക പദ്ധതികളും കണ്ടു പിടുത്തങ്ങളുമാണ് ലോകത്തിന് സമര്‍പ്പിക്കുന്നതെങ്കില്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘങ്ങള്‍ക്കാണ് സഹായങ്ങള്‍ നല്‍കുന്നതെന്ന് സുഷമ പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണെന്നും അതിന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സുഷമ ആഞ്ഞടിച്ചിരുന്നു.

ഇന്ത്യ പാക്കിസ്ഥാനില്‍ മിന്നല്‍ ആക്രമണം നടത്തിയെന്ന സൂചനകള്‍ പുറത്തു വരുന്നതിനിടയിലാണ് മന്ത്രി വീണ്ടും യുഎന്‍ യോഗത്തില്‍ സംസാരിക്കാന്‍ പോകുന്നത്. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യം പാക്കിസ്ഥാന്‍ മുന്നോട്ട് വെച്ചത് ഇന്ത്യ നിഷേധിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാ വാര്‍ഷികമാണ് ഇന്ത്യ ഇപ്പോള്‍ ആഘോഷിക്കുന്നത്. ഈ അവസരത്തിലാണ് മറ്റൊരു മിന്നലാക്രമണം നടന്നതെന്ന സൂചനകള്‍ ബന്ധപ്പെട്ടവര്‍ പുറത്തു വിടുന്നത്. സുരക്ഷാ വിഭാഗം മേധാവിയും ചെയ്യേണ്ടത് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.

Top