All eyes on Pranav Mohanlal – With who is his re-entry?

ചെന്നൈ:മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രണ്ട് സിനിമ ചെയ്യാന്‍ ഡേറ്റ് വാങ്ങി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍.

ലേറ്റായാലും ലേറ്റസ്റ്റായി വരാന്‍ ഒരുങ്ങുന്ന പ്രണവിനായി 4 സിനിമകളുടെ തിരക്കഥകളാണ് ഇതിനകം പൂര്‍ത്തിയായിരിക്കുന്നത്.

ഇതില്‍ മോഹന്‍ലാലിന് മെഗാഹിറ്റ് സമ്മാനിച്ച മലയാളി ജിത്തുജോസഫിന്റേത് ഉള്‍പ്പെടെ രണ്ട് സിനിമകള്‍ മലയാളത്തിലാണ്.

pranav

രജനികാന്തിന്റെ മകള്‍ സൗന്ദര്യയുടെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്പനി പ്രമുഖ സംവിധായകരെ രംഗത്തിറക്കി ലാലിന്റെ മകന്റെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.

മലയാള സിനിമയില്‍ ലാലിന്റെ ‘എതിരാളി’യായ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തകര്‍ത്താടുമ്പോള്‍ തിരശ്ശീലക്ക് പിന്നില്‍ മൗനമായി നിന്ന പ്രണവ് സര്‍വ്വസന്നാഹങ്ങളോടെ തെന്നിന്ത്യന്‍ സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമാ മേഖലക്ക് തന്നെ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ദുല്‍ഖറിന് മുന്‍പ് നടന്‍ സുകുമാരന്റെ മകന്‍ പ്രിഥിരാജും, ഇന്ദ്രജിത്തും മുഖ്യധാരാ നടന്മാരില്‍ പ്രധാന സ്ഥാനത്ത് ഇടം പിടിച്ചിരുന്നു.

pranav

മോഹന്‍ലാല്‍ ആദ്യമായി തുടങ്ങിയ സിനിമാ നിര്‍മ്മാണ കമ്പനിയായ ‘പ്രണവം’ മൂവീസ്’ ക്ലച്ച് പിടിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആശിര്‍വാദ് സിനിമാസ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചിരുന്നത്. ഇത് വന്‍ വിജയമായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

ജ്യോതിഷത്തില്‍ വളരെയധികം വിശ്വാസമുള്ള ലാല്‍ മുന്‍ അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് മകന്റെ അരങ്ങേറ്റത്തിന് ധൃതി പിടിക്കാതിരുന്നത്.

ഇപ്പോള്‍ ജ്യോതിഷി കൂടി പച്ചക്കൊടി കാട്ടിയതോടെ പ്രണവിന്റെ അരങ്ങേറ്റത്തിന് സമയമായിരിക്കുകയാണ്.

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള മോഹന്‍ലാലിന്റെ മകന്റെ സിനിമാ പ്രവേശനത്തിന് ലാലിന്റെ ആരാധകരുടെ പൂര്‍ണ്ണപിന്തുണയുണ്ടാകുമെന്നാണ് കുടുംബത്തിന്റെ വിശ്വാസം.

pranav mohanlal

സിനിമയേക്കാള്‍ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ജീവിത ശൈലിയാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ചാര്‍ളിയിലെ കഥാപാത്രത്തിന്റേതെന്നാണ് സുഹൃത്തുക്കള്‍ പോലും പറയുന്നത്.

ആക്ഷന്‍,റൊമാന്റിക്,ലൗ സ്റ്റോറി വിഭാഗങ്ങളില്‍ മാത്രമല്ല സെന്റിമെന്റ്‌സിന് പ്രാധാന്യം കൊടുക്കുന്ന തിരക്കഥയും പ്രണവിനായി ഒരുങ്ങിക്കഴിഞ്ഞു.

കഥകള്‍ മോഹന്‍ലാല്‍ തന്നെ നേരിട്ട് കേട്ട് ഓകെ പറഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ ഈ സിനിമകളുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം

Top