‘കരകയറാതെ’ സമ്പദ് വ്യവസ്ഥ; ‘കരകയറ്റാന്‍’ വരുന്നു ബജറ്റ്;ധനമന്ത്രി മാജിക്ക് കാണിക്കുമോ?

സാമ്പത്തിക രംഗത്ത് കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ അടുത്ത മാസം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കി രാജ്യം. ഇന്‍കംടാക്‌സില്‍ ആശ്വാസമാണ് സാധാരണക്കാരന്‍ ആഗ്രഹിക്കുന്നതെങ്കിലും സാമ്പത്തിക മാന്ദ്യവും, കോര്‍പ്പറേറ്റ് ടാക്‌സ് വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തത് മൂലം കൈയയച്ച് വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ധനമന്ത്രി.

2019 ജൂലൈ 5ന് അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റില്‍ സാമ്പത്തിക വേഗതക്കുറവ് പരിഹരിക്കാന്‍ ആവശ്യത്തിന് നടപടികള്‍ കൈക്കൊണ്ടില്ലെന്ന പഴികേള്‍ക്കുകയാണ് നിര്‍മ്മല സീതാരാമന്‍. സെപ്റ്റംബറില്‍ കമ്പനികള്‍ ലാഭത്തില്‍ നിന്നും നല്‍കുന്ന ടാക്‌സ് ഏറ്റവും താഴേക്ക് വെട്ടിക്കുറച്ചത് വഴി കേന്ദ്രത്തില്‍ 1.45 ലക്ഷം കോടിയുടെ ടാക്‌സ് വരുമാനവും കുറഞ്ഞിരുന്നു. ഇതിന് പുറമെ 2019ല്‍ പല തവണ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തു.

ടാക്‌സ് നിരക്കുകള്‍ കുറച്ചതിന് പുറമെ ഉപഭോഗം കുറയുന്നത് മൂലം ടാക്‌സ് വരുമാനം കൂടി കുറയുന്നത് സര്‍ക്കാരിന്റെ വരുമാന ലക്ഷ്യങ്ങളെ സാരമായി ബാധിക്കും. അവസ്ഥ ഇതൊക്കെയാണെങ്കിലും രണ്ടാം മോദി സര്‍ക്കാര്‍ തങ്ങള്‍ക്ക് ഗുണഫലം നല്‍കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് സാധാരണക്കാരന്റെ പ്രതീക്ഷ. ഫെബ്രുവരി ഒന്നിനാണ് 2020-21 വര്‍ഷത്തെ നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം.

രാജ്യത്തിന്റെ ജിഡിപി ആറ് വര്‍ഷത്തെ കുറഞ്ഞ നിലയായ 4.5 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിന് പുറമെ ജിഎസ്ടി വരുമാനം ഉയരാത്തതും പ്രശ്‌നം വഷളാക്കി. പ്രതിരോധ മന്ത്രാലയത്തിലെ സേവനത്തില്‍ കൃത്യതയ്ക്ക് പേരുകേട്ട മന്ത്രിക്ക് ധനകാര്യ മന്ത്രാലയത്തില്‍ ഇനിയൊരു മാജിക്ക് കാണിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും ജനങ്ങളും.

Top