പെഹ്ലുഖാന്‍ കൊലക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

ന്യൂഡല്‍ഹി: ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെന്നയാളെ ഗോരക്ഷകര്‍ അടിച്ചുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. അല്‍വറിലുള്ള വിചാരണക്കോടതിയുടേതാണ് വിധി. കേസിലെ മുഖ്യതെളിവായ പെഹ്ലുഖാനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സ്വീകാര്യമല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വെറുതെവിടുകയാണെന്നും വിധിയില്‍ പറയുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും പെഹ്ലുഖാന്റെ കുടുംബവും അറിയിച്ചു.

ഡല്‍ഹി- ആള്‍വാര്‍ പാതയില്‍ 2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലുഖാന്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. ഹരിയാന സ്വദേശിയായ പെഹ്ലുഖാന്‍ റംസാന്‍ കാലത്ത് പാല്‍ വില്‍പന കൂട്ടാനായി പശുവിനെ വാങ്ങാന്‍ പോയതായിരുന്നു. പശുവിനെ വാങ്ങിയ രസീതുകള്‍ ഉള്‍പ്പെടെ കാണിച്ചെങ്കിലും ആള്‍ക്കൂട്ടം ഇരുമ്പു ദണ്ഡും വടികളും ഉപയോഗിച്ച് പെഹ്ലുഖാനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മിയോ സമുദായ നേതാവായ ഷേര്‍ മുഹമ്മദ് പറഞ്ഞു. മിയോ മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട പെഹ്ലുഖാന്‍.

ആഗസ്റ്റ് ഏഴിനാണ് കേസില്‍ വിചാരണ അവസാനിച്ചത്. പെഹ്ലുഖാനൊപ്പം സംഭവ സമയത്ത് ഉണ്ടായിരുന്ന രണ്ട് മക്കള്‍ ഉള്‍പ്പെടെ 40 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ഒന്‍പതുപേരാണ് പ്രതിളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരാള്‍ പിന്നീട് മരിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

Top