ആ ലോറിക്ക് പിന്നില്‍ തണുത്തുറഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച 39 പേരും വിയറ്റ്‌നാമുകാര്‍

ഴിഞ്ഞ മാസം ലണ്ടന് പുറത്ത് റെഫ്രിജറേറ്റ് ചെയ്ത ട്രക്കില്‍ 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം ഞെട്ടല്‍ ഉളവാക്കിയിരുന്നു. ഈ 39 പേരും വിയറ്റ്‌നാമുകാരാണെന്നാണ് ഇപ്പോള്‍ ബ്രിട്ടീഷ് പോലീസും, വിയറ്റ്‌നാം അധികൃതരും സ്ഥിരീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 23നാണ് ബ്രിട്ടനിലെ എസെക്‌സില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിന് പുറത്ത് നിര്‍ത്തിയ ലോറിയില്‍ 39 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ച 31 പുരുഷന്‍മാരും, എട്ട് സ്ത്രീകളും തങ്ങളുടെ പൗരന്‍മാരാണെന്ന് ലണ്ടനിലെ വിയറ്റ്‌നാം എംബസി ഏറെ ദുഃഖത്തോടെയാണ് സ്ഥിരീകരിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടമായ ഓരോ കുടുംബങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയാണ് എംബസി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് എത്തിക്കാന്‍ കുടുംബങ്ങള്‍ക്ക് കോണ്‍സുലേറ്റ് പിന്തുണ നല്‍കുമെന്ന് വിയറ്റ്‌നാം ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങളെ ഞെട്ടിക്കുന്ന വിവരം അറിയിച്ചതായി കേസ് അന്വേഷിക്കുന്ന എസെക്‌സ് പോലീസ് അറിയിച്ചു. ബെല്‍ജിയത്തില്‍ നിന്നും ഫെറി വഴി ബ്രിട്ടനില്‍ പ്രവേശിച്ച ട്രക്കിലാണ് മൃതദേഹങ്ങള്‍ കിടന്നത്.

ആദ്യം ചൈനാക്കാരാണ് എന്നാണ് കരുതിയതെങ്കിലും പിന്നീട് വിയറ്റ്‌നാമീസ് കുടുംബങ്ങള്‍ ആശങ്ക അറിയിച്ച് രംഗത്ത് വന്നതോടെയാണ് ഈ രീതിയില്‍ അന്വേഷണം നടന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള ലോറിയുടെ ഡ്രൈവര്‍ക്കെതിരെ പോലീസ് നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി ആളുകളെ ബ്രിട്ടനിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ അംഗമാണ് ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്. വിയറ്റ്‌നാമില്‍ ഈ മനുഷ്യക്കടത്ത് സംഘത്തിലെ 11 അംഗങ്ങളെയും അറസ്റ്റ് ചെയ്തു.

Top