താലിബാന്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ മോചിപ്പിച്ചു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് നിന്ന് താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ വിമാനത്താവളത്തില്‍ ഗേറ്റിനടുത്ത് താലിബാന്‍ ഇവരെ തടഞ്ഞു. ശേഷം ട്രക്കുകളില്‍ കയറ്റി ഇവരെ പുറത്തേക്ക് കൊണ്ടുപോയി. രേഖകള്‍ പരിശോധിച്ച് ചോദ്യം ചെയ്ത ശേഷം ഇവരെയെല്ലാം വിട്ടയച്ചതായാണ് വിവരം. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവരെ ഇവിടെനിന്നും ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് വിവരം.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യ എത്തിക്കും. മടങ്ങിയെത്താനുള്ള ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ എത്തിച്ചു. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തില്‍ എത്തിക്കാനാണ് ശ്രമം.

വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാന്‍ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരെ താലിബാന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം താലിബാന്‍ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാന്‍ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാന്‍ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top