മേഘാലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷില്ലോങ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ എഴ് ദിവസമായി അകപ്പെട്ടു കിടക്കുന്ന 14 തൊഴിലാളികള്‍ മരിച്ചുവെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വിവരം. ഡിസംബര്‍ 12 ന് അപകടം നടന്നതിനുശേഷം ഇതുവരെ ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

നൂറിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെങ്കിലും കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഖനിക്ക് സമീപമുള്ള ലെതീന്‍ നദിയില്‍ നിന്ന് ഖനിക്കുള്ളിലേക്ക് വെള്ളം കുതിച്ചുകയറിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.

250 അടി വിസ്താരമുള്ള ഖനിക്കുള്ളില്‍ ഇപ്പോള്‍ എഴുപതടിയോളമാണ് ജലനിരപ്പ്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തക സംഘത്തില്‍ എട്ടു മുങ്ങല്‍ വിദഗ്ധരുണ്ടെങ്കിലും ഇവര്‍ക്ക് 3040 അടി ആഴത്തില്‍ മാത്രമേ പരിശോധന നടത്താനാവൂ.

അതേസമയം അനധികൃതമായി ഖനി നിര്‍മിച്ചതിനു പൊലീസ് കേസെടുത്തിരുന്നു.

Top