വേദിയില്‍ തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കൂ, ഏഴ് കോടിപേര്‍ വരും മോദീജീ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ രംഗത്ത്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിരുന്നൊരുക്കാനുള്ള മോദിയുടെ തത്രപ്പാടിനെയാണ് അല്‍ക്ക ലാംബ പരിഹസിക്കുന്നത്.

‘വലിയ മുതലാളി വരുന്ന സന്തോഷത്തില്‍ 70 ലക്ഷം പേരെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കൊച്ചുമുതലാളി. വേദിയില്‍ തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കിയാല്‍ ഇന്ത്യയിലെ തൊഴിലില്ലാത്ത ഏഴ് കോടിപേര്‍ എത്തും’ – ലാംബ പറഞ്ഞു.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന താന്‍ വളരെയധികം ആകാംഷയിലാണ്. തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായാണ് ട്രംപ് പറഞ്ഞത്. ഈ വാക്കുകളെയാണ് ലാംബ ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഫെബ്രുവരി 24 ലെ മൂന്നു മണിക്കൂര്‍ നേരത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് 100 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണിലെ മോഡിയുടെ പരിപാടിയായ ഹൗഡി മോഡിയ്ക്ക് സമാനമായി നമസ്‌തേ ട്രംപ് സംഘടിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത്രയധികം ചെലവ് നടത്തുന്നതിനെതിരെ വന്‍ വിമര്‍ശനവും ഇപ്പോള്‍ ഉയരുന്നുണ്ട്.

Top