Aliyar-agreement- water-sharing

പൊള്ളാച്ചി : ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളത്തിന് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ തീരുമാനം. ഇന്നുതന്നെ വെള്ളം വിട്ടുനല്‍കിത്തുടങ്ങാനാണ് ധാരണ.

ജലദൗര്‍ലഭ്യം നേരിടുന്ന പാലക്കാട്ടെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സംയുക്ത ജലക്രമീകരണ യോഗത്തില്‍ തമിഴ്‌നാട് പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജലക്രമീകരണ യോഗം ചേരുന്ന തീയതി പിന്നീട് തീരുമാനിക്കും.

കേരളത്തിന്റെ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സ്വീകരിച്ചത്.

പറമ്പിക്കുളംആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട ജലം കേരളത്തിന് ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജലവിഭവമന്ത്രി മാത്യു ടി തോമസ് കേന്ദ്രജലവിഭവ മന്ത്രിക്കും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്തയച്ചിരുന്നു.

കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിക്കും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എടപ്പടി കെ പളനി സാമിക്കുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രി കത്തയച്ചത്.

കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലേക്ക് ഒക്ടോബര്‍ 15വരെ നല്‍കേണ്ട 700 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. ഇതുമൂലം ചിറ്റൂര്‍ ജലസേചന പദ്ധതി പ്രദേശത്തെ 20,000 ഹെക്ടര്‍ രണ്ടാംവിള നെല്‍കൃഷി രൂക്ഷമായ പ്രതിസന്ധിയിലാണ്.

ആളിയാര്‍ ഡാമില്‍ വെള്ളം കുറവാണെങ്കിലും പറമ്പിക്കുളം അണക്കെട്ടില്‍നിന്നും വെള്ളമത്തെിച്ച് സംസ്ഥാന വിഹിതം നല്‍കണമെന്നാണ് കേരള നിലപാട്.

ഇതിന് തയാറാവാത്ത തമിഴ്‌നാട് പറമ്പിക്കുളത്തെ വെള്ളം വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം തിരുമൂര്‍ത്തി അണക്കെട്ടിലത്തെിച്ച് അവിടെനിന്നും കോണ്ടൂര്‍ കനാര്‍ വഴി മധുര, കോയമ്പത്തൂര്‍ ജില്ലകളിലേക്ക് കാര്‍ഷിക ആവശ്യത്തിന് തിരിച്ചുവിട്ടിരിക്കുകയാണ്.

Top