ആലിബാബ സ്ഥാപകന്‍ ജാക്ക് മാ വീണ്ടും പൊതു വേദിയില്‍

ബീജിംഗ്: മാസങ്ങള്‍ക്ക് ശേഷം ചൈനീസ് കോടീശ്വരന്‍ ജാക്ക് മാ പൊതുവേദിയില്‍. പൊതുരംഗത്ത് നിന്ന് ജാക്ക് മായുടെ അപ്രത്യക്ഷമാകല്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജാക്ക് മായുടെ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ കാണാതാകുന്നത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച അധ്യാപകരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ജാക്ക് മാ വീണ്ടും പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ അധ്യാപനത്തെ സംബന്ധിച്ച് നടത്തിയ പരിപാടിയെയാണ് ജാക്ക് മാ അഭിസംബോധന ചെയ്തത്. 100ഓളം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജാക്ക് മാ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ലോക്കല്‍ ബ്ലോഗിലാണ് ജാക്ക് മാ പരിപാടിയില്‍ പങ്കെടുത്ത വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ, ആന്റ് ഗ്രൂപ്പ് എന്നിവക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ജാക്ക് മാ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ആന്റ് ഗ്രൂപ്പിന്റെ 35 ബില്ല്യണ്‍ ഡോളറിന്റെ ഐപിഒ ചൈനീസ് സര്‍ക്കാര്‍ നവംബറില്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ജാക്ക് മായെ കാണാതായത്. തുടര്‍ന്ന് ആന്റിനെതിരെയും ആലിബാബക്കെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ആലിബാബയുടെയും ആന്റിന്റെയും വളര്‍ച്ചയിലൂടെ ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയ വ്യക്തിയായിരുന്നു ജാക്ക് മാ.

Top