സഡക് 2: മതവികാരം വ്രണപ്പെടുത്തി; ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരെ പരാതി

തവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്, നിര്‍മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ക്കെതിരേ പരാതി. ഇവരുടെ ഏറ്റവും പുതിയ ചിത്രമായ സഡക് 2 ന്റെ പോസ്റ്ററിലൂടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സഡക് 2-ന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഹിന്ദു വികാരങ്ങളെ വണപ്പെടുത്തുന്നു എന്ന് കാട്ടി മുസഫര്‍പൂര്‍ സ്വദേശിയായ ചന്ദ്ര കിഷോറാണ് പരാതി നല്‍കിയിരിക്കുന്നത്.

ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസില്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേള്‍ക്കും.

മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ സഡക്. 29 വര്‍ഷം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ സഡക് 2 ‘ എന്ന പേരില്‍ പുറത്തിറങ്ങുന്നത്.

ഒടിടി റീലീസായി പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.റീലീസ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ‘സഡക് 2’ലെ അഭിനേതാക്കള്‍.

Top