ആലിയ ഭട്ടിന്റെ ‘ഡാര്‍ലിംഗ്‍സ്’ തമിഴിലേക്ക്

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘ഡാർലിംഗ്‍സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളായ റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ജസ്‍മീത് കെ റീൻ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആലിയ ഭട്ടിന്റെ ‘ഡാർലിംഗ്സ്‍’ ചിത്രം തെന്നിന്ത്യൻ ഭാഷകളിൽ റീമേയ്‍ക്ക് ചെയ്യുമെന്നാണ് പുതിയ വാർത്ത.

നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തിയത്. വിജയ് വർമയും ഷെഫാലി ഷായും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഗാർഹിക പീഡനം ചർച്ച ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുന്നു. അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിക്കുന്നു

ആലിയ ഭട്ടിന്റെ നിർമാണ കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ഡാർലിംഗ്സ്‍’ എന്ന പ്രത്യേകതയുമുണ്ട്. എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. റെഡ് ചില്ലീസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഷാരൂഖും നിർമാണത്തിൽ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞിരുന്നു. ‘ഡാർലിംഗ്‍സ്’ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന് റെഡ് ചില്ലീസ് എന്റർടെയ്‍ൻമെന്റ് സിഒഒ ഗൗരവ് വർമയാണ് അറിയിച്ചിരിക്കുന്നത്. പ്രാദേശിക അഭിരുചികൾക്ക് അനുസരിച്ച് മാറ്റം വരുത്തി ചിത്രം റീമേക്ക് ചെയ്യാനാണ് തീരുമാനമെന്ന് ഗൗരവ് വർമ പറയുന്നു.

Top