രാജമൗലിയുടെ ആർ.ആർ.ആറിൽ സീതയാവാൻ ആലിയ ഭട്ട്

ഹൈദരാബാദ്: എസ്.എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആർ.ആർ.ആറിൽ ബോളിവുഡ് താരം ആലിയ ഭട്ടും. ജൂനിയർ എൻ.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളിൽ എത്തുന്നചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻ.ടി.ആർ കൊമരു ഭീമിനെയും രാം ചരൺ അല്ലൂരി സീതരാമ രാജുവിനെയുമാണ് അവതരിപ്പിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് വ്യക്തമാക്കുന്നത്. ചരിത്രവും കെട്ടുകഥയും കൂട്ടിചേർത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് പുനഃരാരംഭിച്ചത്.

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നും വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്താണ്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും 2021ൽ തന്നെ സിനിമ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

Top