Ali Akbar statement

കോഴിക്കോട്: ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് സംവിധായകന്‍ അലി അക്ബര്‍.

കോഴിക്കോട് നടന്ന മോഹനം എന്ന താരനിശക്ക് വേണ്ടി ടി.എ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന ആരോപണവുമായാണ് അലി അക്ബര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാവിലെ 11.30 ഓടെയാണ് ടി.എ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും മൃതദേഹം റോഡരികില്‍ വച്ചുകൊണ്ട് മനപ്പൂര്‍വം വൈകിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സംസഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടി.എ റസാഖിന്റെ മൃതദേഹത്തോട് കോഴിക്കോട്ടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും കടുത്ത അനാദരവും അനീതിയുമാണ് കാണിച്ചതെന്ന് അലി അക്ബര്‍ പറഞ്ഞു.

അവശകലാകാരന്മാരെ സഹായിക്കുന്നതിനായി തിങ്കളാഴ്ച കോഴിക്കോട് സ്വപ്നനഗരിയിലാണ് മോഹനം എന്ന താരനിശ സംഘടിപ്പിച്ചത്.

Top