അലി അക്ബര്‍ ചിത്രം ഫെബ്രുവരി 20ന് ചിത്രീകരണം ആരംഭിക്കും; ആദ്യ ഷെഡ്യൂൾ വയനാട്

1921ലെ മലബാര്‍ പശ്ചാത്തലമാക്കി സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കളാണെന്നും അഭിനേതാക്കള്‍ക്ക് അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞെന്നും സംവിധായകൻ അലി അക്ബര്‍. മൂന്ന് ഷെഡ്യൂളുകളായി ചിത്രീകരണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഫെബ്രുവരി 20ന് വയനാട് ആരംഭിക്കുമെന്നും അലി അക്ബര്‍ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇത് വ്യക്തമാക്കിയത്.

“താരങ്ങളെ നിശ്ചയിക്കാനും അവര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുമായുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. ഫെബ്രുവരി 2ന് കോഴിക്കോട് വച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും. ലക്ഷ്യത്തിലേക്ക് സാമ്പത്തികമായി എത്തിയിട്ടില്ലെങ്കിലും മൂന്ന് ഷെഡ്യൂളുകളിലായി ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 30 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടക്കും. പിന്നീട് സെറ്റ് വര്‍ക്കിനു ശേഷം രണ്ടാമത്തെ ഷെഡ്യൂളും അതിനു ശേഷം ഫൈനല്‍ ഷെഡ്യൂളും നടത്തും. നടീനടന്മാരെ സമീപിച്ചപ്പോള്‍ ഇരുകൈയും നീട്ടിത്തന്നെയാണ് അവര്‍ സ്വീകരിച്ചത്. ആര്, എങ്ങനെ എന്നൊക്കെ വഴിയേ പറയാം. അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ എതിരഭിപ്രായക്കാരെക്കൊണ്ട് കമന്‍റുകള്‍ വരുത്താതിരിക്കാനാണ് ഇപ്പോള്‍ പേര് പ്രഖ്യാപിക്കാത്തത്. മലയാളത്തില്‍ അറിയപ്പെടുന്ന പ്രഗത്ഭരായ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കുക. അവര്‍ക്കൊക്കെ അഡ്വാന്‍സും കൊടുത്തുകഴിഞ്ഞു. ആദ്യ ഷെഡ്യൂളിനുള്ള പണമാണ് കൈവശമുള്ളത്. ഒരു കോടിക്ക് മുകളിലാണ് ഇതുവരെ ക്രൗഡ് ഫണ്ടിംഗ് വഴി കിട്ടിയ തുക. ഷൂട്ടിംഗിനുവേണ്ട എല്ലാ സാധന സാമഗ്രികളും തയ്യാറാക്കിവച്ചുകഴിഞ്ഞു”, അലി അക്ബര്‍ പറഞ്ഞു.

ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നുമാണ് അലി അക്ബറിന്‍റെ പക്ഷം. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്.

Top